ഇവിടെ കുറിച്ചുവെക്കുന്ന വാക്കുകള്‍ക്കും,അവ പങ്കു വെക്കുന്ന ചിന്തകള്‍ക്കും സാധിതമാക്കാനാവുന്ന കാഴ്ചകളോട് മനസ്സുകൊണ്ടെങ്കിലും സംവദിക്കാന്‍ പ്രാപ്തമാണെന്ന്‍ വിശ്വസിക്കുന്നു. എഴുത്തുകളെ പ്രതികരണങ്ങളിലൂടെ സമ്പന്നമാക്കാനും, ഇഷ്ടങ്ങളെ രേഖപ്പെടുത്താനും തയ്യാറാവണമെന്ന പ്രാര്‍ത്ഥനയോടെ, സ്നേഹപൂര്‍വ്വം ചേലേമ്പ്ര ഗിജി ശ്രീശൈലം

2012, മാർച്ച് 25, ഞായറാഴ്‌ച

ജോസ് പ്രകാശിന് ആദരാഞ്ജലികള്‍

ജെ സി ഡാനിയേല്‍ പുരസ്കാര വാര്‍ത്ത നല്‍കിയ സന്തോഷം അവസാനിക്കുന്നതിനുമുമ്പേ ജോസ് പ്രകാശ്‌ യാത്രയായി. തനിക്കു മലയാളത്തിന്റെ ആ വലിയ പുരസ്കാരം ലഭിച്ചു എന്നറിയാതെ. ഈ  യാത്ര ഏതൊരു മലയാളിയെയും വേദനിപ്പിക്കും എന്ന് തന്നെ ഞാന്‍ കരുതുന്നു. സിനിമയിലെ വില്ലനെ ജീവിതത്തിലെയും വില്ലനായി കണ്ടു ശീലിച്ച മലയാളിക്ക് ജോസ് പ്രകാശ് ഇഷ്ടപ്പെട്ട താരം തന്നെയായിരുന്നു. അതുകൊണ്ട് തന്നെയാണ്  സിനിമയില്‍ നിന്നകന്നിട്ടും അദ്ദേഹത്തിന്റെ പുരസ്കാര വാര്‍ത്തയ്ക്കൊപ്പം  സന്തോഷിക്കാനും, കൂടെ വന്ന മരണ വാര്‍ത്തയ്ക്കൊപ്പം കണ്ണ് നനയാനും നമ്മെ പ്രാപ്തമാക്കുന്നത്. 

ആദരവിന്റെ, സ്നേഹത്തിന്റെ അഞ്ജലികള്‍ ആ വലിയ കലാകാരന് മുമ്പില്‍ സമര്‍പ്പിച്ചുകൊണ്ട്  

2012, മാർച്ച് 24, ശനിയാഴ്‌ച

പെന്‍ഷന്‍ പ്രായവും പത്രസമരവും

പെന്‍ഷന്‍ പ്രായം കൂട്ടുന്നതില്‍ ആശങ്ക പൂണ്ട് ഇടതുപക്ഷ യുവജനസംഘടനകള്‍ നടത്തുന്ന സമരത്തെ അഭിവാദ്യം ചെയ്യുന്നതോടൊപ്പം എന്റെ ഒരു ആശങ്ക ഞാനിവിടെ പങ്കു വെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. superannuation പ്രകാരം 75% പേരും 56 വയസ്സിലാണ് വിരമിക്കുന്നത്. ഏപ്രില്‍ രണ്ടിന് ജനന തീയ്യതി ഉള്ളവരും ഒരു വര്‍ഷത്തെ ആനുകൂല്യം ലഭിക്കാനര്‍ഹരായിരുന്നു. എന്നാല്‍ മാര്‍ച്ച്‌ 31നു ജനിച്ചവര്‍ക്കുപോലും ഈ ആനുകൂല്യം ലഭ്യമല്ല. ഈ നിയമം കൊണ്ടുവന്നവര്‍ക്കെതിരെ മൌനം പൂണ്ടവര്‍, ഇന്ന് യു ഡി എഫ് കൊണ്ടുവന്നു എന്നാ ഒറ്റ കാരണത്താല്‍ പെന്‍ഷന്‍ പ്രായ വര്‍ദ്ധനയെ തെരുവില്‍ നേരിടുന്നവര്‍, superannuation കൊണ്ടുവന്നവര്‍ക്കെതിരെ  ഒരു പ്രതിഷേധ സ്വരമെങ്കിലും എന്തുകൊണ്ട് ഉയര്‍ത്തിയില്ല എന്നത് എന്നെപ്പോലുള്ള സാധാരണ ജനങ്ങള്‍ ആലോചിക്കുന്നുണ്ട്. 

ഇതുപോലെ പത്ര ഏജന്റുമാരുടെ സമരം പാര്‍ട്ടി പത്രങ്ങളെ ഒഴിവാക്കികൊണ്ട് നടത്താന്‍ ഉദ്ദേശിച്ചത് വിപരീതഫലം തന്നെയാണ് നല്‍കുന്നത് എന്ന് പറയാതെ വയ്യ. പാര്‍ട്ടി പത്രം വ്യവസായമായല്ല കൊണ്ട് നടക്കുന്നത് എന്നതിനാലാണ് അവരെ ഇതില്‍ നിന്നും ഒഴിവാക്കിയതെന്നാണ് എന്റെ എളിയ ബുദ്ധിയില്‍ ഞാന്‍ മനസ്സിലാക്കിയത്. എന്നാല്‍ ഇത്തരം പത്രങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള ദേശാഭിമാനി വളര്‍ത്താനുള്ള ഒരു സമരമായി അതിനെ പൊതുസമൂഹത്തിനു മുമ്പില്‍ അവതരിപ്പിക്കാന്‍ കുത്തക പത്രങ്ങള്‍ക്കു കഴിഞ്ഞിരിക്കുന്നു. വായനക്കാരെ സംഘടിപ്പിക്കാന്‍ പോലും ഇത്തരം പത്രങ്ങള്‍ക്കു സാധിച്ചിരിക്കുന്നു. ഇന്ന് പത്രങ്ങളിലെ ഒരു പേജ് അതിനായി മാറ്റിവെക്കാനും അതിലൂടെ സമരത്തിന്റെ യഥാര്‍ത്ഥ അവസ്ഥയെ മറച്ചു പിടിക്കാനും തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യം സമരത്തില്‍ അടിച്ചേല്‍പ്പിച്ചു സമരത്തെ അട്ടിമറിക്കാനും ഇത്തരം പത്രങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനുള്ള സാഹചര്യം അവര്‍ക്ക് സൃഷ്ടിച്ചുകൊടുത്തത് സമരക്കാരുടെ ചില നടപടികള്‍  ആണ് എന്നത്  ഒരു യഥാര്‍ഥ്യമാണ്.


യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ സാധിക്കുന്നത് ഏതൊരു സമരത്തെ സംബന്ധിച്ചിടത്തോളവും  വലിയൊരു പരാജയം തന്നെയാണ്. അതില്‍ നിന്ന് മാറിചിന്തിപ്പിക്കാന്‍, സമരത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ സമരക്കാര്‍ക്ക് സാധിക്കേണ്ടതുണ്ട്‌. അതിനു ഇനിയെങ്കിലും ശ്രദ്ധ കൊടുക്കണം എന്ന ഓര്‍മ്മപ്പെടുത്തലിന് മാത്രമാണ് ഞാന്‍ ഇവിടെ ശ്രമിക്കുന്നത്. 


പ്രത്യാശയോടെ,