ഇവിടെ കുറിച്ചുവെക്കുന്ന വാക്കുകള്‍ക്കും,അവ പങ്കു വെക്കുന്ന ചിന്തകള്‍ക്കും സാധിതമാക്കാനാവുന്ന കാഴ്ചകളോട് മനസ്സുകൊണ്ടെങ്കിലും സംവദിക്കാന്‍ പ്രാപ്തമാണെന്ന്‍ വിശ്വസിക്കുന്നു. എഴുത്തുകളെ പ്രതികരണങ്ങളിലൂടെ സമ്പന്നമാക്കാനും, ഇഷ്ടങ്ങളെ രേഖപ്പെടുത്താനും തയ്യാറാവണമെന്ന പ്രാര്‍ത്ഥനയോടെ, സ്നേഹപൂര്‍വ്വം ചേലേമ്പ്ര ഗിജി ശ്രീശൈലം

2012, മാർച്ച് 25, ഞായറാഴ്‌ച

ജോസ് പ്രകാശിന് ആദരാഞ്ജലികള്‍

ജെ സി ഡാനിയേല്‍ പുരസ്കാര വാര്‍ത്ത നല്‍കിയ സന്തോഷം അവസാനിക്കുന്നതിനുമുമ്പേ ജോസ് പ്രകാശ്‌ യാത്രയായി. തനിക്കു മലയാളത്തിന്റെ ആ വലിയ പുരസ്കാരം ലഭിച്ചു എന്നറിയാതെ. ഈ  യാത്ര ഏതൊരു മലയാളിയെയും വേദനിപ്പിക്കും എന്ന് തന്നെ ഞാന്‍ കരുതുന്നു. സിനിമയിലെ വില്ലനെ ജീവിതത്തിലെയും വില്ലനായി കണ്ടു ശീലിച്ച മലയാളിക്ക് ജോസ് പ്രകാശ് ഇഷ്ടപ്പെട്ട താരം തന്നെയായിരുന്നു. അതുകൊണ്ട് തന്നെയാണ്  സിനിമയില്‍ നിന്നകന്നിട്ടും അദ്ദേഹത്തിന്റെ പുരസ്കാര വാര്‍ത്തയ്ക്കൊപ്പം  സന്തോഷിക്കാനും, കൂടെ വന്ന മരണ വാര്‍ത്തയ്ക്കൊപ്പം കണ്ണ് നനയാനും നമ്മെ പ്രാപ്തമാക്കുന്നത്. 

ആദരവിന്റെ, സ്നേഹത്തിന്റെ അഞ്ജലികള്‍ ആ വലിയ കലാകാരന് മുമ്പില്‍ സമര്‍പ്പിച്ചുകൊണ്ട്  

2012, മാർച്ച് 24, ശനിയാഴ്‌ച

പെന്‍ഷന്‍ പ്രായവും പത്രസമരവും

പെന്‍ഷന്‍ പ്രായം കൂട്ടുന്നതില്‍ ആശങ്ക പൂണ്ട് ഇടതുപക്ഷ യുവജനസംഘടനകള്‍ നടത്തുന്ന സമരത്തെ അഭിവാദ്യം ചെയ്യുന്നതോടൊപ്പം എന്റെ ഒരു ആശങ്ക ഞാനിവിടെ പങ്കു വെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. superannuation പ്രകാരം 75% പേരും 56 വയസ്സിലാണ് വിരമിക്കുന്നത്. ഏപ്രില്‍ രണ്ടിന് ജനന തീയ്യതി ഉള്ളവരും ഒരു വര്‍ഷത്തെ ആനുകൂല്യം ലഭിക്കാനര്‍ഹരായിരുന്നു. എന്നാല്‍ മാര്‍ച്ച്‌ 31നു ജനിച്ചവര്‍ക്കുപോലും ഈ ആനുകൂല്യം ലഭ്യമല്ല. ഈ നിയമം കൊണ്ടുവന്നവര്‍ക്കെതിരെ മൌനം പൂണ്ടവര്‍, ഇന്ന് യു ഡി എഫ് കൊണ്ടുവന്നു എന്നാ ഒറ്റ കാരണത്താല്‍ പെന്‍ഷന്‍ പ്രായ വര്‍ദ്ധനയെ തെരുവില്‍ നേരിടുന്നവര്‍, superannuation കൊണ്ടുവന്നവര്‍ക്കെതിരെ  ഒരു പ്രതിഷേധ സ്വരമെങ്കിലും എന്തുകൊണ്ട് ഉയര്‍ത്തിയില്ല എന്നത് എന്നെപ്പോലുള്ള സാധാരണ ജനങ്ങള്‍ ആലോചിക്കുന്നുണ്ട്. 

ഇതുപോലെ പത്ര ഏജന്റുമാരുടെ സമരം പാര്‍ട്ടി പത്രങ്ങളെ ഒഴിവാക്കികൊണ്ട് നടത്താന്‍ ഉദ്ദേശിച്ചത് വിപരീതഫലം തന്നെയാണ് നല്‍കുന്നത് എന്ന് പറയാതെ വയ്യ. പാര്‍ട്ടി പത്രം വ്യവസായമായല്ല കൊണ്ട് നടക്കുന്നത് എന്നതിനാലാണ് അവരെ ഇതില്‍ നിന്നും ഒഴിവാക്കിയതെന്നാണ് എന്റെ എളിയ ബുദ്ധിയില്‍ ഞാന്‍ മനസ്സിലാക്കിയത്. എന്നാല്‍ ഇത്തരം പത്രങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള ദേശാഭിമാനി വളര്‍ത്താനുള്ള ഒരു സമരമായി അതിനെ പൊതുസമൂഹത്തിനു മുമ്പില്‍ അവതരിപ്പിക്കാന്‍ കുത്തക പത്രങ്ങള്‍ക്കു കഴിഞ്ഞിരിക്കുന്നു. വായനക്കാരെ സംഘടിപ്പിക്കാന്‍ പോലും ഇത്തരം പത്രങ്ങള്‍ക്കു സാധിച്ചിരിക്കുന്നു. ഇന്ന് പത്രങ്ങളിലെ ഒരു പേജ് അതിനായി മാറ്റിവെക്കാനും അതിലൂടെ സമരത്തിന്റെ യഥാര്‍ത്ഥ അവസ്ഥയെ മറച്ചു പിടിക്കാനും തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യം സമരത്തില്‍ അടിച്ചേല്‍പ്പിച്ചു സമരത്തെ അട്ടിമറിക്കാനും ഇത്തരം പത്രങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനുള്ള സാഹചര്യം അവര്‍ക്ക് സൃഷ്ടിച്ചുകൊടുത്തത് സമരക്കാരുടെ ചില നടപടികള്‍  ആണ് എന്നത്  ഒരു യഥാര്‍ഥ്യമാണ്.


യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ സാധിക്കുന്നത് ഏതൊരു സമരത്തെ സംബന്ധിച്ചിടത്തോളവും  വലിയൊരു പരാജയം തന്നെയാണ്. അതില്‍ നിന്ന് മാറിചിന്തിപ്പിക്കാന്‍, സമരത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ സമരക്കാര്‍ക്ക് സാധിക്കേണ്ടതുണ്ട്‌. അതിനു ഇനിയെങ്കിലും ശ്രദ്ധ കൊടുക്കണം എന്ന ഓര്‍മ്മപ്പെടുത്തലിന് മാത്രമാണ് ഞാന്‍ ഇവിടെ ശ്രമിക്കുന്നത്. 


പ്രത്യാശയോടെ, 

2012, മാർച്ച് 22, വ്യാഴാഴ്‌ച

ചന്ദ്രപ്പന് ആദരാഞ്ജലികള്‍

അതെ,

സി കെ ചന്ദ്രപ്പന്‍ കൂടി കേരള രാഷ്ട്രീയത്തോടു വിട വാങ്ങി.

ഇന്ന് മറ്റു പലരും ചെയ്ത പോലെ, മരിച്ചു കഴിഞ്ഞതിനു ശേഷം ഞാന്‍ പുകഴ്ത്താന്‍ ശ്രമിക്കുന്നില്ല. എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ മാത്രം ഇവിടെ കുറിക്കാമെന്നു ഞാന്‍ കരുതുന്നു. 

രോഗബാധിതനായതിനു ശേഷവും സിപിഐ പോലുള്ള ഒരു പ്രസ്ഥാനത്തിന് വേണ്ടി അതിന്റെ അമരത്തു ഇരിക്കാന്‍ തയ്യാറായ ചന്ദ്രപ്പന്റെ ദാര്‍ഡ്യം പ്രശംസനീയമാണ്. അത് തന്നെയാണ് ചന്ദ്രപ്പന് എന്റെ മനസ്സിലുള്ള വലിയ സ്ഥാനം. 

തീര്‍ച്ചയായും മറ്റെല്ലാ മരണങ്ങളും സൃഷ്ടിക്കുന്ന പോലെ  ചന്ദ്രപ്പന്റെ മരണവും കേരള രാഷ്ട്രീയത്തിന് നല്‍കുന്നത് വലിയൊരു നഷ്ടം തന്നെയാണ്; ഇടതുപക്ഷ രാഷ്ട്രീയത്തിന് പ്രത്യേകിച്ചും. 

ആദരവിന്റെ ഒരുപിടി പൂച്ചെണ്ടുകള്‍ ഞാനും സമര്‍പ്പിക്കുന്നു.



തോല്‍വിയും ജയവും സാധാരണമാണ് അവ അംഗീകരിക്കുക എന്നതാണ് പ്രധാനം

പിണറായി 
നാധിപത്യത്തില്‍ തോല്‍വിയും ജയവും സാധാരണമാണ്. രണ്ടായാലും അംഗീകരിക്കുക എന്നത് തീര്‍ച്ചയായും ഒരു നല്ല ശീലം തന്നെയാണ്. പ്രത്യേകിച്ചും, വിമര്‍ശനവും സ്വയം വിമര്‍ശനവും രീതിയായ ഒരു പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം. എന്നാല്‍, തങ്ങളുടെ തോല്‍വിയെ അംഗീകരിക്കാതെ മറ്റു പല കാരണങ്ങള്‍ എതിരാളിയുടെ ജയത്തിനു പിന്നിലുണ്ടായത് കൊണ്ടാണ് എന്ന് പറഞ്ഞു തോല്‍വിയെ വില കുറച്ചു കാണാന്‍  ശ്രമിക്കുന്നത് ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് ചേര്‍ന്നതാണെന്ന് ഞാന്‍ കരുതുന്നില്ല. സിപിഎം തോല്‍വിയെ അംഗീകരിക്കാന്‍ പഠിക്കേണ്ടതുണ്ട്. വീഴ്ചകളെയും. വിമര്‍ശനവും സ്വയം വിമര്‍ശനവും പാര്‍ട്ടി സമ്മേളനങ്ങളില്‍ മാത്രം ഉണ്ടാകേണ്ട ഒന്നല്ല. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിക്ക് ജനങ്ങളെ ഭയക്കേണ്ട ആവശ്യവുമില്ല. വീഴ്ചകളെ തുറന്നു പറഞ്ഞുകൊണ്ട്, അത് തിരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ടാവണം തോല്‍വിയെ നേരിടേണ്ടത്. സ്വന്തം വീഴ്ചകളെ അംഗീകരിക്കാനും അത് തുറന്നുപറയാനും കഴിയുകയെന്നത് മോശം കാര്യമല്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം. അത് പാര്‍ട്ടിയെ വലുതാക്കുകയെ ചെയ്യൂ. 
വി എസ്‌

യുഡിഎഫ് ആദ്യമായല്ല സാമുദായിക ശക്തികളെ കൂട്ടുപിടിച്ച്  തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല എന്നത് വലിയൊരു വീഴ്ച തന്നെയാണ്. അത് തിരിച്ചറിയാനും അതിനെ പ്രതിരോധിക്കാനും സാധിക്കെണ്ടിയിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞു അതിനെ പറ്റി വാചാലരാവുന്നതിലല്ല  കാര്യം. അതിനെ നേരിടുന്നതിലും അതിനെ മറികടക്കുന്നതിലുമാണ്. അതിനു ഇനിയെങ്കിലും സാധ്യമാവേണ്ടതുണ്ട്. മറ്റു പലരും പറയുന്നത് പോലെ സ്ഥാനാര്‍ഥി വേറെയൊരാളായിരുന്നെങ്കില്‍ നാം ജയിക്കുമായിരുന്നെന്നോ, തോല്‍വി ഇത്ര കനത്തതാകുമായിരുന്നില്ലെന്നോ പറയാന്‍ ഞാന്‍ തയ്യാറല്ല. കാരണം പിറവത്തെ ആകെയുള്ള ഒരു മേല്‍ക്കൈ നമുക്ക് എം ജെ എന്ന സ്ഥാനാര്‍ഥി തന്നെയായിരുന്നു എന്ന ബോധ്യമൊക്കെ എനിക്കുണ്ട്. 


എം ജെ ജേക്കബ് 
നമ്മുടെ പിഴവുകള്‍ തിരുത്താന്‍, അവയെ പ്രയോഗത്തിലെത്തിക്കാന്‍ ഇനി ഒരുപാട് സമയം നമ്മുടെ മുമ്പിലില്ല.കാരണം, ഒരു ഉപതെരഞ്ഞെടുപ്പു കൂടി നമ്മെ കാത്തിരിക്കുന്നുണ്ട്. നെയ്യാറ്റിന്‍കര. അത് പിറവം പോലെ യു ഡി എഫിന്റെ സിറ്റിംഗ് സീറ്റല്ല. നമ്മുടെ സിറ്റിംഗ് സീറ്റാണ്.  കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ നെയ്യാറ്റിന്‍കരയെ നിലനിര്‍ത്തേണ്ടത് രണ്ടു തരത്തില്‍ എല്‍ ഡി എഫിന് അത്യാവശ്യമാണ്. അതില്‍ വീഴ്ചകള്‍ വരുത്താതിരിക്കാന്‍ ശ്രമിക്കുക. യു ഡി എഫ് സീറ്റായിരുന്നു എന്ന് പിന്നെ പറയുന്ന അവസ്ഥ കേള്‍ക്കാന്‍ എന്നെപ്പോലെയുള്ളവര്‍ക്ക്  താല്‍പ്പര്യമില്ല എന്ന് ഓര്‍മ്മിപ്പിക്കട്ടെ. 




പ്രത്യാശയോടെ 



2012, മാർച്ച് 18, ഞായറാഴ്‌ച

ആശ്വാസകരമാണീ മാറ്റം, ഒപ്പം പ്രതീക്ഷയും.


മുമ്പ് ഒരു പോസ്റ്റില്‍, കാര്‍ഡടിച്ച് ഭിക്ഷാടനം നടത്തുന്നവരുടെയും അതിലെ പൊള്ളത്തരത്തെയും, അതിന്റെ സാധ്യതയെയും കുറിച്ച് ഞാന്‍ പറഞ്ഞിരുന്നല്ലോ. ഇവിടെ പറഞ്ഞുവെക്കുന്നത്, ആ കാഴ്ചയ്ക്ക് സംഭവിച്ച ആശ്വാസകരമായ മാറ്റമാണ്. മുമ്പ് പൊള്ളവാക്കുകള്‍ നിറഞ്ഞ കാര്‍ഡ് വിതരണം ചെയ്ത് കാര്‍ഡ് കിട്ടിയവന്റെ പരിഹാസവചനങ്ങള്‍ കേട്ട് സ്വല്പം കുറ്റബോധത്തോടെ (മനസാക്ഷിയുള്ളവര്‍ക്ക്) ഭിക്ഷാടനം നടത്തിയിരുന്ന ഒരു സ്ത്രീയും കുഞ്ഞും അതാണിന്നത്തെ വിഷയം. അവരുടെ ചരിത്രത്തിലേക്കുള്ള യാത്രയല്ല എന്റെ കാഴ്ചയ്ക്കുള്ളിലെ ചില കാര്യങ്ങള്‍ മാത്രമാണ്.
ഏറെക്കാലത്തിനുശേഷമാണ് ആ സ്ത്രീയെയും കുഞ്ഞിനെയും (കുഞ്ഞ് വേറെയാണ്) കണ്ടത്. ഇനി കാര്‍ഡ് തന്നവര്‍ക്കെല്ലാം ഒരേ മുഖച്ഛായയായി തോന്നുന്നതുകൊണ്ടാണോ എന്നറിയില്ല. അങ്ങനെയാണ് അവരെ കണ്ടപ്പോള്‍ എനിക്ക് തോന്നിയത്. എങ്കിലും അത്തരം കാര്‍ഡിലിടലിന്റെ പെരുമാറ്റരീതികള്‍ അവരില്‍ പ്രകടമായിരുന്നു. പക്ഷേ, ഇന്നെന്റെ മടിത്തട്ടില്‍ വീണുകിടന്നത് പഴയതുപോലെ പരാ‍ധീനതകള്‍ നിറഞ്ഞ കാര്‍ഡല്ല, മറിച്ച് ഭാഗ്യാന്വേഷകരെ തേടിയിറങ്ങിയ സാക്ഷാല്‍ കേരളാഭാഗ്യക്കുറി. അതിന്റെ വില്പനയിലേക്ക് ആ സ്ത്രീ മാറിയിരിക്കുന്നു. ഈ മാറ്റം സമീപിക്കുന്നവന്റെയും ഉള്ളില്‍ പ്രകടമാണ്. വേണ്ട മോളെ എന്ന് മയത്തിലാണ് ചിലര്‍ പ്രതികരിച്ചത്. ശ്രദ്ധേയമായ മറ്റൊരു കാര്യം, കുഞ്ഞും ആ പ്രവൃത്തിയില്‍ അവരെ സഹായിച്ചുവെന്നതാണ്. ചിണുങ്ങുന്ന ഒരു കുഞ്ഞില്‍ നിന്ന് ഉത്സാഹിയായ ഒരു കുഞ്ഞിലേക്കുള്ള ഈ മാറ്റം കാര്‍ഡില്‍ നിന്ന് ഭാഗ്യക്കുറിയിലേക്കുള്ള മാറ്റം തന്നെയാണെന്ന് ഞാന്‍ കരുതുന്നു.
യാതൊരു കുറ്റബോധവും അവരെ തീണ്ടുന്നില്ല. ഒരു ജോലി ചെയ്യുന്നവളുടെ ആത്മവിശ്വാസം ആ സ്ത്രീ‍യില്‍ പ്രകടമായിരുന്നു. ഭാഗ്യക്കുറിയുടെ പരസ്യത്തില്‍ പറയുന്നപോലെ, അതിലെ സ്ത്രീകഥാപാത്രത്തിന്റെ ആത്മവിശ്വാസം ഇവരിലും പ്രകടമായിരുന്നു. എന്തായാലും ഈ കാഴ്ചയ്ക്ക് തുടര്‍ച്ചകള്‍ ഉണ്ടാവാന്‍ ഭാഗ്യക്കുറിക്ക് സാധിക്കട്ടെ. അത് കാണാന്‍ എനിക്കും. കാരണം, ഭിക്ഷാടനമാഫിയകളില്‍ നിന്ന് ഒരു വിഭാഗത്തെയെങ്കിലും മോചിപ്പിക്കാന്‍ ഭാഗ്യക്കുറിക്ക് സാധിച്ചാല്‍ അതില്‍പ്പരം സന്തോഷം മറ്റെന്തുണ്ട്?

കശാപ്പു ചെയ്യപ്പെടുന്ന ജനാധിപത്യം

ഇന്ന് സവിശേഷമായ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു വാര്‍ത്തയാണ് നഴ്സുമാരുടെ സമരം. കുത്തക ഹോസ്പിറ്റലിലെ നഴ്സുമാര്‍ക്ക് ലഭിക്കുന്ന ശമ്പളം വളരെ തുച്ഛമാണെന്ന ബോധ്യപ്പെടല്‍ വലിയ നിരാശ  സൃഷ്ടിക്കുന്നു എന്നത് വലിയൊരു    യാഥാര്‍ത്ഥ്യമ‍ാണ്; പ്രത്യേകിച്ചും  പുതുതലമുറയ്ക്ക്. സാങ്കേതികമോ അക്കാദമികമോ ആയ അറിവ് നേടുന്ന ഒരാള്‍ക്ക് അര്‍ഹമായ പ്രതിഫലം കിട്ടുന്നില്ലെന്ന അറിവ് നിരാശയല്ലാതെ മറ്റെന്തുണ്ടാക്കാനാണ്? ഉയര്‍ന്ന സാമ്പത്തികം മാത്രമുല്ലവര്‍ക്ക് മാത്രമായി വിദ്യാഭ്യാസം ചുരുങ്ങുന്ന ഈ കാലത്ത് കടമെടുത്ത് പഠിക്കുന്ന കുട്ടികളില്‍ എന്ത് പ്രതീക്ഷയാണ് ഇത്തരം അവസ്ഥകള്‍ സൃഷ്ടിക്കുന്നത് എന്ന് ചിന്തിക്കേണ്ടതുണ്ട്. അവരുടെ ന്യായമായ സംശയങ്ങള്‍ക്ക് മറുപടി നല്‍കേണ്ട ബാധ്യതയും നമുക്കുണ്ട്. അതിനു വേണ്ടിയെങ്കിലും നമ്മെ ശുശ്രൂഷിക്കുന്ന നഴ്സുമാര്‍ സന്തോഷവതി/വാന്മാരാണെന്ന് ഉറപ്പ് വരുത്തിക്കാന്‍ നമുക്കും ഇവരോടൊപ്പം മനസ്സുകൊണ്ടെങ്കിലും അണിചേരാം.

മന്ത്രിയുടെ ചില നിര്‍ദ്ദേശങ്ങള്‍ പ്രത്യാശ ഉണര്‍ത്തിയെങ്കിലും, സവിശേഷമായ ശ്രദ്ധ നേടിയെങ്കിലും, അവയെ കാറ്റില്‍ പറത്തി കുത്തക മുതലാളിമാരും പുരോഹിതന്മാരും സന്യാസിമാരും നടത്തുന്ന ആശുപത്രികള്‍ ഇന്ന് മറ്റു ജീവനക്കാരെ ഉപയോഗിച്ച് സമരം ചെയ്യുന്നവരുടെ ജീവനപായപ്പെടുത്താനും, കോടതിയെ കൂട്ടുപിടിച്ച് അറസ്റ്റ് ചെയ്യിപ്പിക്കാനും ശ്രമിക്കുന്നു.  ഇത്തരം ആശുപത്രികളെയും മുതലാളിമാരെയും ഒറ്റപ്പെടുത്തേണ്ടത് നാടിന്റെ, നമ്മുടെ ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. അതിനു സാധാരണക്കാരന്‌ അഭായമാവേണ്ടിയിരുന്ന കോടതിയുടെ ചില നടപടികള്‍ കണ്ടാല്‍ തോന്നും ഇരുന്നൂറു മീറ്ററിനുള്ളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കലാണ്‌ അവരുടെ കര്‍ത്തവ്യമെന്ന്. ഇത് ജനാധിപത്യത്തെ കശാപ്പു ചെയ്യലാണ്. കോടതികളില്‍ നിന്നുണ്ടാവുന്ന ഇത്തരം നിലപാടുകള്‍ ഒരിക്കലും സമൂഹത്തിനു ഗുണം ചെയ്യില്ല. അധികൃതര്‍ക്ക് ഓശാന പാടുന്ന ഈ നിലപാട് മാറ്റാത്ത പക്ഷം നമുക്ക്  മറ്റൊരു  അടിയന്തിരാവസ്ഥയെ കൂടി  സഹിക്കേണ്ടി വരുമെന്ന് പറയാതെ വയ്യ. 

ഇതിനിടെ പൊതുനിരത്തുകളിലെ നിരോധനാജ്ഞ ഭരണകൂടം തന്നെ തിരുത്തിപ്പറയുന്ന മട്ടിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന പൊങ്കാലയിടല്‍ ഈ ഒരു അവസ്ഥയിലേക്ക് അവരെ എത്തിക്കുകയും ചെയ്തു. പൊങ്കാലക്കര്‍ക്കെതിരെ കേസെടുത്തെങ്കിലും,  പിന്നീടത് പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയെ എന്തുകൊണ്ട്  നിയമലംഘനമായി കണ്ടു വിമര്‍ശിക്കാന്‍ കോടതിക്ക് കഴിയുന്നില്ല.എന്തിനും സ്വമേധയ കേസെടുക്കുന്നവര്‍ക്ക് ഇതെന്തേ സാധിക്കാതെ പോകുന്നു.  

സ്വാശ്രയ കേസുകളിലും ഇന്ന് നടക്കുന്ന നഴ്സുമാരുടെ സമരങ്ങളിലും   മറ്റും ഭരണകൂടത്തെയും സമരങ്ങളെയും വെല്ലുവിളിക്കാന്‍ മുതലാളിമാര്‍ക്ക് അഭയമായി കോടതികള്‍  മാറിയിരിക്കുന്നു എന്നത് കടുത്ത നിരാശയാണ് സൃഷ്ടിക്കുന്നത്.  കോടതിക്ക് നഷ്ടമാവുന്ന വിശ്വാസം അരക്ഷിതാവസ്ഥ സൃഷ്ടിക്കും. നഷ്ടമാവുന്ന വിശ്വാസത്തെ തിരിച്ചുപിടിക്കാനുള്ള  ഉത്തരവാദിത്വം കോടതി ഇനിയെങ്കിലും ഏറ്റെടുക്കേണ്ടതുണ്ട്; അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെങ്കിലും. 

ഒരിക്കലും ചെയ്യാത്തതിനെക്കാള്‍ മഹത്തരമാണ് വൈകി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ജനാധിപത്യവിരുദ്ധ നടപടികള്‍ക്ക് കൂട്ടുനില്‍ക്കാതിരിക്കാന്‍ കോടതികള്‍ക്ക്  ഇനിയെങ്കിലും സാധിക്കട്ടെയെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. 

ഓര്‍ക്കുക ജനങ്ങളാണ് വലുത്;
അവനെ മുറിവേല്‍പ്പിക്കാതിരിക്കുക; 
സ്വയം ശവക്കുഴി തോണ്ടാതിരിക്കുക;

പ്രത്യാശയോടെ 

2012, മാർച്ച് 17, ശനിയാഴ്‌ച

കാര്‍ഡ് ജീവിതം


സു്യാത്രയ്ക്കിടയിലോ മുമ്പോ നിരവധിപേര്‍ ബസില്‍ കയറിയിറങ്ങാറുണ്ടു്. അവരില്‍ ചിലര്‍ യാത്ര എന്ന ആവശ്യത്തിനല്ല ബസില്‍ കയറുന്നത്. കടലയും ഇഞ്ചിമിഠായിയും വില്‍ക്കുന്നവരും ചളിപിടിച്ച കാര്‍ഡുകള്‍ നല്‍കി വിവിധരൂപത്തിലുള്ള ഭിക്ഷക്കാരും അവരില്‍പ്പെടും. കാര്‍ഡുകളിലെ വാക്കുകള്‍ പലപ്പോഴും ഏകദേശം ഒന്നായിരിക്കും. ഒരേസമയം ഭാര്യയ്ക്ക് ഭര്‍ത്താവ് അപകടത്തില്‍പ്പെടുകയും ഭര്‍ത്താവിനു് ഭാര്യ നിത്യരോഗിണിയാവുകയും ചെയ്യുമെന്നതാണ് രസകരമായ വസ്തുത. ഇങ്ങനെ പരസ്പരം രോഗിയാവുകയും ഭിക്ഷ തേടുകയും ചെയ്യുന്ന ഇവര്‍ പലപ്പോഴും മാഫിയകളുടെ പ്രതിനിധികളാവുകയും ചെയ്യാറുണ്ട്. ഇതുപറഞ്ഞപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട ഒരു രസകരമായ ഒരു സംഭവം ഓര്‍മ്മ വന്നത്.
ഞാന്‍ ജോലി ചെയ്തിരുന്ന പ്രസ്സില്‍ ഇതേപോലൊരു കാര്‍ഡ് അടിക്കാന്‍ ടര്‍ക്കിടൌവ്വല്‍ കൊണ്ടു് തോളുകള്‍ മറച്ച ഒരാള്‍ വന്നത്. ഒരു മോഡല്‍ കാര്‍ഡും അയാളുടെ കൈയ്യില്‍ ഉണ്ടായിരുന്നു. അതില്‍ അയാളുടെ ഭാര്യയുടെ പേരാണ് അടിച്ചിരുന്നത്. അതിലെ ഭര്‍ത്താവ് പാറമടയില്‍ ജോലി ചെയ്യുമ്പോള്‍ അപകടത്തില്‍പ്പെട്ട് കാലും കൈയും നഷ്ടപ്പെട്ടുവെന്നും അച്ഛനും അമ്മയും മക്കളുമടങ്ങുന്ന കുടുബത്തിനു്  മറ്റാരും ആശ്രയമില്ലെന്നും അതിനാല്‍ ഉദാരമായ സംഭാവനകള്‍ നല്‍കി സഹായിക്കണമെന്നായിരുന്നു ഏകദേശമായി അതില്‍ അച്ചടിച്ചിരുന്നത്. അപ്പോള്‍ കൌണ്ടറിലുണ്ടായിരുന്ന ചേച്ചി ഇത് നിങ്ങളുടെ ഭാര്യയല്ലേയെന്നു് ചോദിച്ചു. അതെയെന്നു് അയാള്‍ ഉത്തരം പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് വലിയ പ്രശ്നമൊന്നും കാണാനില്ലല്ലോ എന്നു് ചോദിച്ചു. ചേച്ചി മെല്ലെയായിരുന്നു ചോദിച്ചതെന്നുകൊണ്ടു് ചേച്ചിക്ക് ഒന്നും സംഭവിച്ചില്ലല്ലോ എന്ന് ഞങ്ങള്‍ തമാശയായി പറഞ്ഞത് അയാളുടെ ആരോഗ്യം കൊണ്ടായിരുന്നു.
ഇങ്ങനെ കാര്‍ഡ് കാഴ്ചകള്‍ പലര്‍ക്കും ഉണ്ടായിരിക്കുമെന്നറിയാം. കാരണം ഇവ നമ്മുടെ ജീവിതത്തിലെ നിത്യക്കാഴ്ചകളാണല്ലോ. ഇനി ഒന്നു കൂടി പറഞ്ഞു് ഞാന്‍ നിറുത്താം. കോഴിക്കോട് ഇതേപോലെ കാര്‍ഡ് നല്‍കി ഭിക്ഷ തേടാന്‍ രാവിലെ മഞ്ചേരി ബസ്സില്‍ സ്റ്റാന്‍ഡില്‍ വന്നിറങ്ങുന്നതിനു് പലപ്പോഴും ദൃക്‌സാക്ഷിയാവേണ്ടിവന്നിരുന്നു എന്നത് ഇത്തരം കാര്‍ഡുകളുടെ സാധ്യത മനസ്സിലാക്കമല്ലോ.

2012, മാർച്ച് 14, ബുധനാഴ്‌ച

വിവാദവ്യവസായികളുടെ ശ്രദ്ധയ്ക്ക്


വി എസ്
ഡോ. സിന്ധു ജോയ്
ലതിക സുഭാഷ്‌ 
പൊതുപ്രവര്‍ത്തകര്‍ പറയുന്ന വാക്കില്‍ അവര്‍ എന്ത് ഉദ്ദേശിച്ചു എന്ന് നോക്കാനല്ല മാധ്യമപ്രവര്‍ത്തകര്‍ കണ്ണും നട്ട് കാത്തിരിക്കുന്നത്. അതിലെന്തു അവര്‍ക്ക് ആഘോഷിക്കാനുണ്ട്  എന്ന് മാത്രമാണ്. ഇതൊക്കെ ഇനിയെങ്കിലും വാ തുറക്കുമ്പോള്‍ ഒന്ന്‍  ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും എന്നല്ല അതാണ് നല്ലത്. അതുകൊണ്ടൊക്കെത്തന്നെയാണ്  ഇപ്പോള്‍ സ്വയം 'കടന്നുചെന്ന്'  അത് പ്രയോഗിച്ച ആളെ തെറി വിളിച്ച് ചിലര്‍ക്ക് നടക്കേണ്ടി വരുന്നത്. ആര് എന്ത് പറഞ്ഞു എന്ന് നോക്കാനുള്ള മനസ്സ് കാണിച്ചിരുന്നെങ്കില്‍  ഈ 'കടന്നുചെല്ലല്‍' ആവശ്യം വരുമായിരുന്നുമില്ല. സ്വയം നാറി മാധ്യമവല്ക്കരിക്കപ്പെടുക എന്നത് അത്ര നല്ല കാര്യമല്ല; അതെത്ര വെള്ളിക്കാശിനായാലും, ഏത് കൊടി കെട്ടിയ പദവിക്ക് വേണ്ടിയാണെങ്കിലും.  വാചകങ്ങളെ വാക്കുകളില്‍ പകുത്തെടുക്കുന്ന  ചാനല്‍ നേരങ്ങളിലും പത്ര കോളങ്ങളിലും അവസാനിക്കുകയോ ആരംഭിക്കുകയോ ചെയ്യുന്നില്ല ആരുടെയും ജീവിതം എന്ന് കൂടി ഓര്‍ത്താല്‍ നന്ന്‍. 

ഇതിനിടെ ആരോ കോടതിയില്‍ പരാതി കൊടുത്തെന്നും കേട്ടു. ആ വഴിക്കും പബ്ലിസിറ്റി നേടാനുള്ള ശ്രമം അല്ലാതെന്തു പറയാന്‍. പരാതി കൊടുത്തവന് ഒരു ഉപകാരസ്മരണ രണ്ടു പേരോടും ഉണ്ടാവണം എന്നാണു ഈയുള്ളവന്റെ വിനീതമായ അഭിപ്രായം. ഉണ്ടായാല്‍ നന്ന്. വന്ന വഴി മറക്കാന്‍ പാടില്ലല്ലോ. മറക്കുന്നവര്‍ ഇന്ന് കൂടുതലാണെങ്കിലും.

അല്ല, 
ഇതൊക്കെ പറയാന്‍ താനാരുവാ? എന്നായിരിക്കും മനസ്സിലിരുപ്പ് അല്ലെ. 

അതല്ലെങ്കിലും അങ്ങനാ, 
കാര്യം പറയുന്നത് എനിക്കും ഇഷടമല്ല 

അല്ല പിന്നെ...