ഇവിടെ കുറിച്ചുവെക്കുന്ന വാക്കുകള്‍ക്കും,അവ പങ്കു വെക്കുന്ന ചിന്തകള്‍ക്കും സാധിതമാക്കാനാവുന്ന കാഴ്ചകളോട് മനസ്സുകൊണ്ടെങ്കിലും സംവദിക്കാന്‍ പ്രാപ്തമാണെന്ന്‍ വിശ്വസിക്കുന്നു. എഴുത്തുകളെ പ്രതികരണങ്ങളിലൂടെ സമ്പന്നമാക്കാനും, ഇഷ്ടങ്ങളെ രേഖപ്പെടുത്താനും തയ്യാറാവണമെന്ന പ്രാര്‍ത്ഥനയോടെ, സ്നേഹപൂര്‍വ്വം ചേലേമ്പ്ര ഗിജി ശ്രീശൈലം

2012, മാർച്ച് 18, ഞായറാഴ്‌ച

കശാപ്പു ചെയ്യപ്പെടുന്ന ജനാധിപത്യം

ഇന്ന് സവിശേഷമായ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു വാര്‍ത്തയാണ് നഴ്സുമാരുടെ സമരം. കുത്തക ഹോസ്പിറ്റലിലെ നഴ്സുമാര്‍ക്ക് ലഭിക്കുന്ന ശമ്പളം വളരെ തുച്ഛമാണെന്ന ബോധ്യപ്പെടല്‍ വലിയ നിരാശ  സൃഷ്ടിക്കുന്നു എന്നത് വലിയൊരു    യാഥാര്‍ത്ഥ്യമ‍ാണ്; പ്രത്യേകിച്ചും  പുതുതലമുറയ്ക്ക്. സാങ്കേതികമോ അക്കാദമികമോ ആയ അറിവ് നേടുന്ന ഒരാള്‍ക്ക് അര്‍ഹമായ പ്രതിഫലം കിട്ടുന്നില്ലെന്ന അറിവ് നിരാശയല്ലാതെ മറ്റെന്തുണ്ടാക്കാനാണ്? ഉയര്‍ന്ന സാമ്പത്തികം മാത്രമുല്ലവര്‍ക്ക് മാത്രമായി വിദ്യാഭ്യാസം ചുരുങ്ങുന്ന ഈ കാലത്ത് കടമെടുത്ത് പഠിക്കുന്ന കുട്ടികളില്‍ എന്ത് പ്രതീക്ഷയാണ് ഇത്തരം അവസ്ഥകള്‍ സൃഷ്ടിക്കുന്നത് എന്ന് ചിന്തിക്കേണ്ടതുണ്ട്. അവരുടെ ന്യായമായ സംശയങ്ങള്‍ക്ക് മറുപടി നല്‍കേണ്ട ബാധ്യതയും നമുക്കുണ്ട്. അതിനു വേണ്ടിയെങ്കിലും നമ്മെ ശുശ്രൂഷിക്കുന്ന നഴ്സുമാര്‍ സന്തോഷവതി/വാന്മാരാണെന്ന് ഉറപ്പ് വരുത്തിക്കാന്‍ നമുക്കും ഇവരോടൊപ്പം മനസ്സുകൊണ്ടെങ്കിലും അണിചേരാം.

മന്ത്രിയുടെ ചില നിര്‍ദ്ദേശങ്ങള്‍ പ്രത്യാശ ഉണര്‍ത്തിയെങ്കിലും, സവിശേഷമായ ശ്രദ്ധ നേടിയെങ്കിലും, അവയെ കാറ്റില്‍ പറത്തി കുത്തക മുതലാളിമാരും പുരോഹിതന്മാരും സന്യാസിമാരും നടത്തുന്ന ആശുപത്രികള്‍ ഇന്ന് മറ്റു ജീവനക്കാരെ ഉപയോഗിച്ച് സമരം ചെയ്യുന്നവരുടെ ജീവനപായപ്പെടുത്താനും, കോടതിയെ കൂട്ടുപിടിച്ച് അറസ്റ്റ് ചെയ്യിപ്പിക്കാനും ശ്രമിക്കുന്നു.  ഇത്തരം ആശുപത്രികളെയും മുതലാളിമാരെയും ഒറ്റപ്പെടുത്തേണ്ടത് നാടിന്റെ, നമ്മുടെ ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. അതിനു സാധാരണക്കാരന്‌ അഭായമാവേണ്ടിയിരുന്ന കോടതിയുടെ ചില നടപടികള്‍ കണ്ടാല്‍ തോന്നും ഇരുന്നൂറു മീറ്ററിനുള്ളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കലാണ്‌ അവരുടെ കര്‍ത്തവ്യമെന്ന്. ഇത് ജനാധിപത്യത്തെ കശാപ്പു ചെയ്യലാണ്. കോടതികളില്‍ നിന്നുണ്ടാവുന്ന ഇത്തരം നിലപാടുകള്‍ ഒരിക്കലും സമൂഹത്തിനു ഗുണം ചെയ്യില്ല. അധികൃതര്‍ക്ക് ഓശാന പാടുന്ന ഈ നിലപാട് മാറ്റാത്ത പക്ഷം നമുക്ക്  മറ്റൊരു  അടിയന്തിരാവസ്ഥയെ കൂടി  സഹിക്കേണ്ടി വരുമെന്ന് പറയാതെ വയ്യ. 

ഇതിനിടെ പൊതുനിരത്തുകളിലെ നിരോധനാജ്ഞ ഭരണകൂടം തന്നെ തിരുത്തിപ്പറയുന്ന മട്ടിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന പൊങ്കാലയിടല്‍ ഈ ഒരു അവസ്ഥയിലേക്ക് അവരെ എത്തിക്കുകയും ചെയ്തു. പൊങ്കാലക്കര്‍ക്കെതിരെ കേസെടുത്തെങ്കിലും,  പിന്നീടത് പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയെ എന്തുകൊണ്ട്  നിയമലംഘനമായി കണ്ടു വിമര്‍ശിക്കാന്‍ കോടതിക്ക് കഴിയുന്നില്ല.എന്തിനും സ്വമേധയ കേസെടുക്കുന്നവര്‍ക്ക് ഇതെന്തേ സാധിക്കാതെ പോകുന്നു.  

സ്വാശ്രയ കേസുകളിലും ഇന്ന് നടക്കുന്ന നഴ്സുമാരുടെ സമരങ്ങളിലും   മറ്റും ഭരണകൂടത്തെയും സമരങ്ങളെയും വെല്ലുവിളിക്കാന്‍ മുതലാളിമാര്‍ക്ക് അഭയമായി കോടതികള്‍  മാറിയിരിക്കുന്നു എന്നത് കടുത്ത നിരാശയാണ് സൃഷ്ടിക്കുന്നത്.  കോടതിക്ക് നഷ്ടമാവുന്ന വിശ്വാസം അരക്ഷിതാവസ്ഥ സൃഷ്ടിക്കും. നഷ്ടമാവുന്ന വിശ്വാസത്തെ തിരിച്ചുപിടിക്കാനുള്ള  ഉത്തരവാദിത്വം കോടതി ഇനിയെങ്കിലും ഏറ്റെടുക്കേണ്ടതുണ്ട്; അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെങ്കിലും. 

ഒരിക്കലും ചെയ്യാത്തതിനെക്കാള്‍ മഹത്തരമാണ് വൈകി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ജനാധിപത്യവിരുദ്ധ നടപടികള്‍ക്ക് കൂട്ടുനില്‍ക്കാതിരിക്കാന്‍ കോടതികള്‍ക്ക്  ഇനിയെങ്കിലും സാധിക്കട്ടെയെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. 

ഓര്‍ക്കുക ജനങ്ങളാണ് വലുത്;
അവനെ മുറിവേല്‍പ്പിക്കാതിരിക്കുക; 
സ്വയം ശവക്കുഴി തോണ്ടാതിരിക്കുക;

പ്രത്യാശയോടെ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ